Translate

Friday, October 3, 2014

റുബല്ല വാക്‌സിന്‍ -കുട്ടികളെ ഇങ്ങനെ പേടിപ്പിക്കണോ - ഡോ. ഖദീജാ മുംതാസ്‌



ഡോ. ഖദീജാ മുംതാസ്‌


വെറും മൂന്നുശതമാനത്തിന് വേണ്ടിയാണോ കോടിക്കണക്കിന് രൂപ ചെലവിട്ട് കാടടച്ച് വെടിവെക്കുംവിധം സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് റുബല്ല വിവാദ വാക്‌സിന്‍ നല്‍കിക്കൊണ്ടിരിക്കുന്നത് എന്ന ചോദ്യം സ്വാഭാവികമായി ഉയരുന്നു


മലപ്പുറം ജില്ലയിലെ ഒരു സ്‌കൂളില്‍ റുബല്ല വാക്‌സിനേഷന്‍ ദൗത്യം നിര്‍വഹിക്കാനെത്തിയവര്‍ പെണ്‍കുട്ടികളെ തളര്‍വാതം പിടിപെട്ട കുഞ്ഞുങ്ങളുടെ ചിത്രം കാണിച്ച് ഭയപ്പെടുത്തി വാക്‌സിനേഷന് നിര്‍ബന്ധിക്കുന്നതായി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സുഹൃത്ത് പറഞ്ഞറിഞ്ഞു. ഇനിയും ഈ കുറിപ്പ് എഴുതാതിരിക്കുന്നത് ശരിയല്ല എന്നുറപ്പിച്ചത് അപ്പോഴാണ്.

വാക്‌സിനേഷന്‍ വേണ്ട എന്നത് അമ്മയുടെ തീരുമാനമാണെന്ന് ദയനീയമായി അറിയിച്ച 14കാരിയോട് അമ്മയല്ല, നീയാണ് നിന്റെ കാര്യം തീരുമാനിക്കേണ്ടതെന്നും സമ്മതിച്ചില്ലെങ്കില്‍ ഈ ചിത്രത്തില്‍ കാണുന്ന കുട്ടിയുടെ ഗതി നിനക്കും വന്നുചേരാമെന്നും ഭയപ്പെടുത്തിയത്രെ. രണ്ടുമൂന്ന് അബദ്ധങ്ങളാണിവിടെ. ഒന്ന്, 14 വയസ്സുമാത്രമുള്ള പെണ്‍കുട്ടിക്ക് തന്റെ ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളില്‍ സ്വന്തമായി തീരുമാനമെടുക്കാനാകില്ല എന്ന് അറിയാത്തത്. രണ്ട്, റുബല്ല വാക്‌സിനേഷന്‍ കൊടുക്കുന്നതിന്റെ ഉദ്ദേശ്യംപോലും കൊടുക്കുന്നവര്‍ക്ക് അറിയില്ല അല്ലെങ്കില്‍ മറച്ചുവെക്കുന്നു എന്നത്. റുബല്ല വൈറല്‍ബാധ ഒരിക്കലും 14കാരിയില്‍ വൈകല്യങ്ങളോ തളര്‍ച്ചയോ ഉണ്ടാക്കുന്നില്ല. തങ്ങളില്‍നിന്ന് ഭാവിയില്‍ ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളെ ബാധിക്കാതിരിക്കാനുള്ള മുന്‍കരുതലാണ് ഇതെന്ന് ഈ കിളുന്ത് പെണ്‍കുഞ്ഞുങ്ങളോട് പറഞ്ഞാല്‍ അവര്‍ക്കതിന്റെ ഗൗരവം മനസ്സിലായിക്കൊള്ളണമെന്നുമില്ല. അത് പക്ഷേ, അവരെ പറഞ്ഞ് പറ്റിക്കുന്നതിന് ന്യായീകരണവുമല്ല.

റുബല്ല (Rubella or German Measles), മറ്റൊരു സാധാരണ വൈറല്‍ബാധയായ Measles (വയറി, മണല്) പോലെത്തന്നെ പനിയും ശരീരവേദനയും ദേഹം മുഴുവന്‍ മണല്‍വാരിയെറിഞ്ഞതുപോലെ പൊന്തലും (Rash) ആയാണ് പ്രത്യക്ഷപ്പെടുക. കഴുത്തിനുപിറകില്‍ കഴലവീക്കവും കാണും. ചെറിയ കുട്ടികളില്‍ സാധാരണയായി, നാലോ അഞ്ചോ ദിവസത്തെ ഗൗരവം കുറഞ്ഞ പനിയായി ഇത് വന്നുപോവുകയാണ് പതിവ്. ഒരിക്കല്‍ റുബല്ല ബാധിച്ചാല്‍ പിന്നീട് ജീവിതത്തിലൊരിക്കലും ആ വൈറല്‍ബാധ ഉണ്ടാകുന്നുമില്ല. അതായത് നൂറുശതമാനം ആജീവനാന്ത പ്രതിരോധശക്തി (Life Long Immuntiy). മൂന്നാംലോക രാജ്യങ്ങളിലൊന്നായ ഇന്ത്യയില്‍ റുബല്ല രോഗം എന്‍ഡമിക് (Endemic) ആണ്. അതായത്, രോഗലക്ഷണങ്ങള്‍ കാര്യമായില്ലാതെതന്നെ ധാരാളം പേര്‍ക്ക് രോഗം വന്നുപോവുകയും അവര്‍ക്കെല്ലാം സ്വാഭാവിക പ്രതിരോധശേഷി ഉണ്ടായിവരികയും ചെയ്യുന്ന അവസ്ഥ. ഈയിടെ ഗ്രാമങ്ങളിലെ കൗമാരക്കാരികളില്‍ നടത്തിയ ഒരു പഠനത്തില്‍ (കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം, കോഴിക്കോട് മെഡിക്കല്‍ കോളേജ്) 70 ശതമാനം പേര്‍ക്കും ഇത്തരം നാച്വറല്‍ ഇമ്യൂണിറ്റി ഉണ്ടെന്നാണ് കണ്ടത്. കുറച്ചുകൂടി കാത്തിരുന്നാല്‍, പ്രജനന പ്രായത്തില്‍ എത്തുമ്പോഴേക്കും ഈ പെണ്‍കുട്ടികളില്‍ 97 ശതമാനത്തിനും ഇമ്യൂണിറ്റി ആയിക്കഴിഞ്ഞിരിക്കുമത്രെ. അപ്പോള്‍ അവശേഷിക്കുന്ന മൂന്നുശതമാനത്തിന് വേണ്ടിയാണോ കോടിക്കണക്കിന് രൂപ ചെലവിട്ട് കാടടച്ചു വെടിവെക്കുംവിധം സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ഈ വിവാദ വാക്‌സിന്‍ നല്‍കിക്കൊണ്ടിരിക്കുന്നത് എന്ന ചോദ്യം സ്വാഭാവികമായി ഉയരുന്നു.

റുബല്ല ഇന്‍ഫക്ഷന്‍ സാധാരണയായി കുട്ടികളില്‍ കാണുന്ന അസുഖമാണ്. കുട്ടിക്കാലത്ത് അത് വരാതിരുന്നാല്‍ യൗവനകാലത്തോ വാര്‍ധക്യത്തിലോ വന്നെന്നിരിക്കും. പ്രായമേറുംതോറും മറ്റ് വൈറല്‍ബാധപോലെ അതിന്റെ തീവ്രത അല്പം കൂടിയെന്നുമിരിക്കും. പക്ഷേ, ഒരു സ്ത്രീ ഗര്‍ഭിണിയായിരിക്കുന്ന വേളയില്‍ ഈ വൈറല്‍ബാധ ഉണ്ടാകുമ്പോഴാണ് ഏറെ ഗൗരവസ്വഭാവം അതിനുണ്ടാകുന്നത്. ഗര്‍ഭസ്ഥശിശുവിനെ ബാധിക്കുന്ന ഒട്ടേറെ വൈകല്യങ്ങളായാണ് അത് അപ്പോള്‍ സാന്നിധ്യമറിയിക്കുക. കാഴ്ച ശക്തിയെയും കേള്‍വിശക്തിയെയും ഹൃദയത്തെയും നാഡീഞരമ്പുകളെയും തീവ്രമായി ബാധിക്കുന്ന കരാളത അത് അപ്പോള്‍ കൈവരിക്കുന്നുമുണ്ട്. ഇതാണ് മറ്റുവിധത്തില്‍ ഏറെ ഉപദ്രവകാരിയല്ലാത്ത ഒരു വൈറസ്സിനെ നമ്മുടെ മനസ്സില്‍ ഒരു വില്ലനായി പ്രതിഷ്ഠിക്കുന്നത്. തീര്‍ച്ചയായും പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ വൈകല്യം അത്യന്തം ദയനീയമായ ഒരു അവസ്ഥതന്നെയാണ്. സാധ്യമാകുന്ന എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് പ്രതിരോധിക്കേണ്ട ഒന്ന്.

റുബല്ലപനിയുണ്ടാകുന്ന സമയത്ത് രക്തത്തില്‍ പരിശോധിച്ച് അറിയാവുന്ന ഒരു ആന്റിബോഡി ഉണ്ടാകുന്നുണ്ട്. മറ്റ് വൈറല്‍പനികളില്‍നിന്ന് അതിനെ വേര്‍തിരിച്ചറിയാന്‍ ഈ പരിശോധന സഹായിക്കും. രോഗബാധാകാലഘട്ടം കഴിഞ്ഞാല്‍ അപ്രത്യക്ഷമാകുന്ന ഈ ആന്റിബോഡിയാണ് റുബല്ല IgM ആന്റിബോഡി. ഗര്‍ഭിണിയായിരിക്കുന്ന സമയത്താണ് ഈ ആന്റിബോഡി ടെസ്റ്റിന്റെ പ്രസക്തി. കാരണം, ഇതിന്റെ സാന്നിധ്യമുണ്ടെങ്കില്‍ പനി റുബല്ലതന്നെയെന്നും ഗര്‍ഭകാലം എത്ര നേരത്തേയാണോ അതിനനുസരിച്ച് 90 ശതമാനംവരെ വൈകല്യസാധ്യതയുണ്ടെന്നും ഉറപ്പിക്കാം. അതുകൊണ്ടുതന്നെ ഗര്‍ഭത്തിന്റെ ആദ്യപകുതിയില്‍ ഈ രോഗം വന്നാല്‍ ഗര്‍ഭം അലസിപ്പിച്ചുകളയല്‍ തന്നെയാണ് കരണീയം. അത്രമാത്രം ഗൗരവതരമാണ് അതുണ്ടാക്കുന്ന വൈകല്യങ്ങള്‍.
IgM ആന്റി ബോഡി കൂടാതെ, രോഗബാധാസമയത്ത് സാവകാശത്തില്‍ ഉണ്ടായിത്തുടങ്ങി പിന്നീട് ആജീവനാന്തം ശരീരത്തില്‍ നിലനില്‍ക്കുന്ന മറ്റൊരു ആന്റിബോഡികൂടിയുണ്ട്. അതാണ് റുബല്ല IgM ആന്റിബോഡി. IgMന്റെ ഒറ്റപ്പെട്ട സാന്നിധ്യം കാണിക്കുന്നത് ആ വ്യക്തിക്ക് റുബല്ലയ്‌ക്കെതിരെ പ്രതിരോധശക്തി ഉണ്ടായിരിക്കുന്നു എന്നാണ്. സ്വാഭാവിക പ്രതിരോധമാണെങ്കില്‍ അത് ആജീവനാന്തം നിലനില്‍ക്കുന്നുവെന്നും. ഗര്‍ഭിണിയാകാന്‍ ഉദ്ദേശിക്കുന്നതിനുമുമ്പ് വേണമെങ്കില്‍ ഈ ആന്റിബോഡി ടെസ്റ്റുചെയ്ത് ഇമ്യൂണിറ്റി ഉണ്ടോ എന്ന് ഉറപ്പാക്കാവുന്നതുമാണ്.

ഇനി വാക്‌സിനേഷനിലേക്ക് വരാം. ഒന്നോ രണ്ടോ ദശകങ്ങളായി ജനിച്ചുവീഴുന്ന കുഞ്ഞുങ്ങള്‍ക്ക് എം.എം.ആര്‍ (MMR Measles Mumps Rubella Vaccine) കൊടുക്കുന്ന സമ്പ്രദായം നിലവിലുണ്ട്. അഞ്ചാംപനി (Measles) മുണ്ടിവീക്കം (Mumps)ജര്‍മന്‍ മീസില്‍സ് (Rubella) ഈ മൂന്ന് രോഗം വരാതിരിക്കാനുള്ള കൂട്ടുവാക്‌സിന്‍ ആണത്. സര്‍ക്കാര്‍ ആസ്​പത്രികളില്‍ ഈയിടെമാത്രമേ തുടങ്ങിയുള്ളൂവെങ്കില്‍ പ്രൈവറ്റ് ആസ്​പത്രികളില്‍ ഏറെ മുമ്പേ സാധാരണമായിരുന്ന വാക്‌സിനേഷന്‍. ഇത് കൊടുക്കുന്നതോടെ കുഞ്ഞുങ്ങള്‍ക്ക് കുട്ടിക്കാലത്ത് ഈ രോഗങ്ങളൊന്നും വരില്ല. സ്വാഭാവിക പ്രതിരോധശക്തിയും ഉണ്ടാകുന്നില്ല. ആവട്ടെ, കൃത്രിമമായി, രോഗപീഡകളില്ലാതെ പ്രതിരോധം ലഭിക്കുന്നുണ്ടല്ലോ എന്നാശ്വസിക്കാം. കുഞ്ഞുങ്ങളുടെ ആരോഗ്യകാര്യത്തില്‍ ഏറെ ശ്രദ്ധാലുക്കളായ മാതാപിതാക്കളുടെ ആഗ്രഹവും അതാണല്ലോ. ഇപ്പോള്‍, കൗമാരക്കാരികള്‍ക്കായുള്ള റുബല്ല വാക്‌സിനേഷന്‍ സംരംഭം വിവാദമായപ്പോള്‍ ഒരു ചോദ്യം ഉയര്‍ന്നുവന്നു. ഇക്കൂട്ടത്തില്‍ കുറേപ്പേരെങ്കിലും എം.എം.ആര്‍. വാക്‌സിനേഷന്‍ എടുത്തവരാകില്ലേ, അവര്‍ക്കെന്തിനാണ് വേറൊരു വാക്‌സിനേഷന്‍? മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തില്‍നിന്നുതന്നെ ഇതിന് ലഭിച്ച ഉത്തരം എം.എം.ആര്‍. വാക്‌സിനേഷന്റെ പ്രതിരോധശേഷി പത്തുവര്‍ഷം മുതല്‍ ഏറിയാല്‍ ഇരുപതുവര്‍ഷംവരെയേ ഉണ്ടാകൂ എന്നാണ്. മാത്രമല്ല, ഗര്‍ഭിണികളില്‍ ഇപ്പോള്‍ ഏറിവരുന്ന റുബല്ലബാധാ പ്രതിഭാസം, ആ പ്രായമാകുമ്പോഴേക്കും പ്രതിരോധശേഷി കുറഞ്ഞുവന്ന അല്ലെങ്കില്‍ നഷ്ടപ്പെട്ട MMR വാക്‌സിനേഷന്‍ കഴിഞ്ഞവര്‍ ഏറി വരുന്നതുകൊണ്ടാണത്രെ! അപ്പോള്‍ റുബല്ല വാക്‌സിനേഷന്‍ സമൂഹത്തിന് ഗുണമാണോ ദോഷമാണോ ചെയ്തത്? ചെറിയ പ്രായത്തില്‍ വലിയ പ്രശ്‌നമുണ്ടാക്കാതെ വന്ന് ഭേദമായി സ്വാഭാവിക പ്രതിരോധശക്തി നല്‍കുമായിരുന്ന ഒരു അസുഖത്തെ പ്രജനനകാലത്തേക്ക് പറിച്ചുനട്ട് പുതുതലമുറയ്ക്കുകൂടി ഭീഷണിയാകുന്നതിനെപ്പറ്റി പിന്നെ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്?

MMR വാക്‌സിനേഷന്റെ ഗുണഫലം പോകുമ്പോഴേക്കും പുതിയ റുബല്ല വാക്‌സിന്‍ കൊടുക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത് എന്ന് വാദത്തിനുവേണ്ടി പറയാം. അതിന്റെയും പ്രതിരോധ ശേഷിയുടെ കാലാവധി സമാനം തന്നെയായിരിക്കുമല്ലോ. അപ്പോള്‍ അത് 14 വയസ്സില്‍ത്തന്നെ കൊടുക്കുന്നതിന്റെ ലോജിക് എന്താണ്? പത്തുവര്‍ഷത്തിനുശേഷം ഈ വാക്‌സിന്റെ ഗുണഫലവും പോകുംമുമ്പ് ഈ പെണ്‍കുട്ടികള്‍ വിവാഹവും പ്രസവവുമൊക്കെ കഴിച്ചുവെച്ച് ഇനി വേണമെങ്കില്‍ തങ്ങള്‍ക്ക് റുബല്ല വരുന്നെങ്കില്‍ വന്നോട്ടെ എന്നുകരുതി ഇരിക്കണമെന്നോ? അതായത് 24 വയസ്സിനുമുമ്പ്? സമ്മതമാണോ, ഈ കാലത്തും? പെണ്‍കുട്ടികള്‍ പഠനവും ഉപരിപഠനവും കഴിഞ്ഞ് ജോലിസ്ഥിരതയൊക്കെയായി വിവാഹത്തെപ്പറ്റി ആലോചിച്ചുതുടങ്ങുന്നതുതന്നെ ഇപ്പോള്‍ 26 വയസ്സൊക്കെ ആയതിനുശേഷമാണ്. അതായത്, 14 വയസ്സിലെ വാക്‌സിനേഷന്റെ ശക്തിയും കുറഞ്ഞുവരുന്ന പ്രായത്തില്‍!

ഇന്ത്യയില്‍ വിവാഹപ്രായം പതിനെട്ടാക്കി തീരുമാനിച്ചിട്ടുണ്ടല്ലോ. എങ്കില്‍ എന്തുകൊണ്ട് ആ പ്രായത്തോടടുപ്പിച്ച്, അല്ലെങ്കില്‍ 18 തികഞ്ഞതിനുശേഷം വാക്‌സിനേഷന്‍ കൊടുക്കാമെന്ന് തീരുമാനിച്ചുകൂടാ? സ്വയം തീരുമാനമെടുക്കാനുള്ള പക്വതയും അപ്പോള്‍ ആകുമല്ലോ. ഇതിനിടയില്‍ സ്വാഭാവിക പ്രതിരോധം ആര്‍ജിക്കാനാകുമെങ്കില്‍ അതും നല്ലതല്ലേ? റുബല്ല IgG ടെസ്റ്റ് ചെയ്തതിനുശേഷം പ്രതിരോധ വാക്‌സിന്‍ കൊടുക്കാമെന്നൊരു പോളിസി എടുക്കുകയാണെങ്കില്‍ എത്രയോ അനാവശ്യ വാക്‌സിനേഷന്‍ നമുക്ക് ഒഴിവാക്കാം. വ്യാപകമായ വാക്‌സിനേഷനുവേണ്ടി ചെലവാക്കുന്ന കോടിക്കണക്കിന് രൂപയുണ്ടെങ്കില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍വഴിതന്നെ ഇതും നടപ്പാക്കാവുന്നതാണ്. അസമയത്തും അനാവശ്യവുമായ വാക്‌സിനേഷന്‍ വിപരീതഫലങ്ങളാണ് ഉണ്ടാക്കുകയെന്ന് മനസ്സിലായാലെങ്കിലും ഒരു തിരുത്തല്‍ ആവശ്യമല്ലേ?വ്യക്തിസ്വാതന്ത്ര്യം ഉപയോഗിച്ച് തങ്ങള്‍ക്ക് വാക്‌സിനേഷന്‍ ആവശ്യമില്ലെന്നുവെക്കുന്നത് നാഷണല്‍ പോളിസിക്ക് എതിരാണെന്നും സാമൂഹികപരമായ ഉത്തരവാദിത്വത്തെ അവഗണിക്കല്‍കൂടിയാണെന്നും വാദമുയര്‍ന്നുകേട്ടു. വാക്‌സിനേഷന്‍ എടുക്കാത്തവര്‍ സമൂഹത്തില്‍ രോഗവാഹകര്‍ (Reservoir) ആയി നിലനില്‍ക്കും എന്ന വാദം. അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലുംമാത്രം വാക്‌സിനേഷന്‍ കൊടുക്കുന്നതിന്റെ ന്യായീകരണമെന്താണ്? ആണ്‍കുട്ടികള്‍ക്ക് കൊടുക്കാതിരിക്കുന്നതിലോ? ഒരു സമൂഹത്തില്‍ 87 ശതമാനം പേരെങ്കിലും വാക്‌സിനേഷന്‍ എടുത്ത് പ്രതിരോധശക്തിയാര്‍ജിച്ചാലേ വാക്‌സിനേഷന്‍ എടുക്കാനാകാതിരുന്നവര്‍ക്ക് അണുബാധസാധ്യത കുറയുന്നുള്ളൂ എന്നാണ് കമ്യൂണിറ്റി പഠനങ്ങള്‍ കാണിക്കുന്നത്. അപ്പോള്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ നിഷ്‌കളങ്കരായ കുട്ടികള്‍മാത്രം വാക്‌സിനേഷന്‍ എടുക്കാത്തതുകൊണ്ട് സാമൂഹിക വിരുദ്ധരാകുന്നതെങ്ങനെ?

ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍ ഇങ്ങനെയുണ്ട് ഏറെ. ആ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാത്തിടത്തോളം കാലം ഒരു ജനാധിപത്യ സംവിധാനത്തില്‍ തങ്ങളുടെ കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ മാതാപിതാക്കള്‍ക്ക് അവകാശമുണ്ട്. ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കാന്‍ സമൂഹത്തിനും.

source-The Mathrubhumi Daily,Calicut

Thursday, October 2, 2014

BEMGHSS,Calicut- CLEANING MANANCHIRA













This is for the first time students are taking risk to clean the steps of Mananchira Pond.

We congratulate the  NSS girl volunteers of Calicut
 BEMGHSS for taking such an initiative
to do this great job which has become a  boon for the people of Calicut.
Drinking water is supplied from this pond.


We also congratulate the Parent Teacher Association  
of the school for giving them guidance to achieve
this goal.

You have made Gandhi Jayanthi more meaningful.

CSIPASS WORKERS-Puthiyara

Monday, September 29, 2014

അധ്യാപകരാകാന്‍ അപാരമായ ഹൃദയവിശാലതയും കൂടി വേണം






അധ്യാപകരാകാന്‍ ഏതെങ്കിലും സര്‍വ്വകലാശാല നല്‍കുന്ന ബിരുദങ്ങള്‍ മാത്രം പോരാ അപാരമായ ഹൃദയവിശാലതയും കൂടി വേണം .
എല്‍. കെ. ജി. കുട്ടി തൊട്ടടുത്തിരിക്കുന്ന കുട്ടിയോട് സംസാരിച്ചതിന്റെ പേരില്‍ പട്ടിക്കൂട്ടില്‍ അടച്ച അധ്യാപികയ്ക്ക് ഇല്ലാതെ പോയതും ഈ ഹൃദയവിശാലതയാണ് .
എങ്ങനെയോ ഇതൊരു വാര്‍ത്തയായി .
പക്ഷെ പുറത്തറിയാത്ത എത്രയോ സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ട് .
ഓരോ കുട്ടിയും വ്യത്യസ്തരാണ് .
അവരിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ശക്തിയും ദൌര്‍ബല്യവും മനസ്സിലാക്കി മുന്നോട്ടുള്ള അവരുടെ യാത്രയ്ക്ക് താങ്ങും തണലും അവേണ്ടവരാണ്‌ അധ്യാപകര്‍ .
പ്രത്യേകിച്ചും ചെറിയക്ലാസ്സുകളില്‍ കുഞ്ഞുമനസ്സുകളെ മുറിവേല്‍പ്പിക്കുന്നത് വലിയ മാനസികപ്രശ്നങ്ങള്‍ അവര്‍ക്ക് ഉണ്ടാകാന്‍ കാരണം ആയിത്തീരും .
അച്ഛനമ്മമാര്‍ അധ്യാപകരുടെ കൈകളിലേക്ക് അവരുടെ കുഞ്ഞുങ്ങളെ എല്പ്പിക്കുകയാണ് എല്ലാ വിശ്വാസത്തോടെയും .
ഈ കുഞ്ഞുങ്ങളെ പട്ടിക്കൂട്ടില്‍ അടയ്ക്കാനും മുട്ടുകുത്തി നിര്‍ത്തിക്കാനും കൈയ്യുയര്‍ത്തി മണിക്കൂറുകള്‍ നിര്‍ത്തിക്കാനും മനസ്സുവരുന്ന ജന്മങ്ങളെ അധ്യാപകര്‍ എന്നല്ല ക്രിമിനലുകള്‍ എന്നാണു വിളിക്കേണ്ടത്.
പലപ്പോഴും എന്തിനാണ് ശിക്ഷിക്കപ്പെട്ടതെന്നു കൂടി മനസ്സിലാക്കാന്‍ കഴിയാതെ മനസ്സ് തകര്‍ന്നു നില്‍ക്കുന്ന കുഞ്ഞുങ്ങളെ മിക്ക വിദ്യാലയങ്ങളിലും കാണാം .
കുഞ്ഞുങ്ങളെ ക്രൂര ശിക്ഷയ്ക്ക് വിധേയരാക്കുന്ന അധ്യാപകനോ അധ്യാപികയോ അവരുടെ കര്‍മമേഖലയില്‍ പരിപൂര്‍ണ്ണ പരാജയമാണ് .
ഇവരെയൊക്കെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തി കേസ്‌ എടുക്കണം .
തെരുവ് ഗുണ്ടകളും ഇവരും തമ്മില്‍ ഒരു വ്യത്യാസവുമില്ല .
ഈ ക്രിമിനലുകള്‍ തല്ലിക്കെടുത്തുന്നത് ഒരുപാട് ഉയരങ്ങളില്‍ എത്തേണ്ട കുഞ്ഞു മനസ്സുകളുടെ സ്വപ്നങ്ങളെയാണ് പ്രതീക്ഷകളെയാണ്‌ സര്‍ഗ്ഗശേഷികളെയാണ്.
പ്രിയപ്പെട്ട അധ്യാപകരെ,
കുഞ്ഞുങ്ങളെ സ്നേഹിക്കൂ
അവരിലേക്ക് ഇറങ്ങിച്ചെല്ലു
അവര്‍ക്കൊരു സാന്ത്വനമാകൂ ..തണലാകൂ....
സ്നേഹത്തിന്റെ നന്മയുടെ പ്രതിരൂപങ്ങളായ എത്രയോ അധ്യാപകര്‍ നമുക്ക് മാതൃക കാട്ടിത്തന്നിട്ടുണ്ട്.
അവരെയൊക്കെ നമ്മള്‍ നെഞ്ചോട്‌ ചേര്‍ത്തിട്ടില്ലേ..
ഇനിയെങ്കിലും കുഞ്ഞുങ്ങളുടെ കണ്ണീര്‍ വീഴ്ത്തുന്ന ജയിലറകള്‍ ആകാതിരിക്കട്ടെ ക്ലാസ്സ്മുറികള്‍ .
courtesy.N.Sanil Kumar.Teacher.International Indian School,Al Jabail.