ലോകപ്രശസ്ത തത്വചിന്തകനും മഹാനായ അധ്യാപകനും മികച്ച ഭരണാധികാരിയുമായിരുന്ന ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബര്‍ 5 രാജ്യം അധ്യാപകദിനമായി ആചരിക്കുന്നു. അധ്യാപനത്തിന്റെ മഹത്ത്വം ഉയര്‍ത്തിപ്പിടിക്കുന്നതിനും അധ്യാപകരെ ആദരിക്കുന്നതിനുമായി രാജ്യമൊട്ടാകെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. രാജ്യവും വിവിധ സംസ്ഥാനങ്ങളും പ്രഗത്ഭരായ അധ്യാപകരെ അവാര്‍ഡുകള്‍ നല്‍കി ആദരിക്കുന്ന ചടങ്ങും സെപ്തംബര്‍ അഞ്ചിനാണ് നടത്തുന്നത്.
ഡോ. എസ് രാധാകൃഷ്ണന്‍ എന്ന മഹാനായ അധ്യാപകനെ അനുസ്മരിക്കുന്നതോടൊപ്പം ഈ സെപ്തംബര്‍ 5ന് വിദ്യാഭ്യാസമേഖലയില്‍ സംഭവിക്കുന്ന പരിവര്‍ത്തനങ്ങളെക്കുറിച്ച് ഗൗരവതരമായ ചര്‍ച്ചകള്‍ ആവശ്യമാണ്. പ്രധാനമന്ത്രി വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുന്നതും സംവാദം നടത്തുന്നതും മുഴുവന്‍ കുട്ടികളെയും കാണിക്കുന്നതിനാവശ്യമായ ഒരുക്കങ്ങള്‍ സ്കൂളുകളില്‍ നടത്തണമെന്ന് കേരളത്തിലെ വിദ്യാഭ്യാസവകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നു. വെള്ളിയാഴ്ച വൈകിട്ട് മൂന്നുമുതല്‍ 4.45 വരെയാണ് പരിപാടിയുടെ സംപ്രേഷണം. കുട്ടികള്‍ക്ക് പരിപാടി കാണുന്നതിനാവശ്യമായ കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ്, ടിവി, എല്‍സിഡി പ്രൊജക്ടര്‍ എന്നിവ ഒരുക്കണമെന്നും സര്‍ക്കാര്‍ സര്‍ക്കുലറില്‍ സൂചിപ്പിക്കുന്നു. സ്കൂളുകള്‍ ഓണാവധിക്ക് അടയ്ക്കുന്ന ദിവസം സെപ്തംബര്‍ 5 ആയതിനാലും സെപ്തംബര്‍ 6, 7 ദിവസങ്ങളില്‍ മലയാളികള്‍ ഓണാഘോഷത്തിലായതിനാലും സെപ്തംബര്‍ 5ന് വൈകിട്ട് നടക്കുന്ന പരിപാടിയില്‍ കുട്ടികളുടെ പങ്കാളിത്തം കുറവാകാനേ സാധ്യതയുള്ളൂ.
ആവശ്യത്തിന് ശുചിമുറികള്‍പോലും ഇല്ലാത്ത വിദ്യാലയങ്ങളില്‍ ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഒരുക്കണമെന്ന് ധൃതിപിടിച്ച് ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ പ്രായോഗികതകൂടി അധികൃതര്‍ കണക്കിലെടുക്കേണ്ടതായിരുന്നു.പ്രധാനമന്ത്രി ഒരുരാജ്യത്തെ മുഴുവന്‍ വിദ്യാര്‍ഥികളെയും അഭിസംബോധന ചെയ്യുന്നതിനെ കുറ്റപ്പെടുത്താനാകില്ലെങ്കിലും കേന്ദ്ര ഭരണകക്ഷിയുടെ വിദ്യാഭ്യാസനയത്തിന്റെ പശ്ചാത്തലത്തില്‍ ഇതിനെ ഗൗരവതരമായി കാണേണ്ടതുണ്ട്. നിലവിലുള്ള ദേശീയ വിദ്യാഭ്യാസനയം ആകെ പൊളിച്ചെഴുതുന്നതിന് സര്‍ക്കാരിനെ നിയന്ത്രിക്കുന്ന സംഘപരിവാര്‍ പച്ചക്കൊടി കാണിച്ചുകഴിഞ്ഞു. എന്‍സിഇആര്‍ടിയുടെ നിലവിലുള്ള പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും അപ്പാടെ നിരസിക്കുന്ന സമീപനമാണ് അവര്‍ സ്വീകരിക്കുന്നത്. നേരത്തെ ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലഘട്ടത്തില്‍ വര്‍ഗീയവല്‍ക്കരിക്കപ്പെട്ട പാഠ്യപദ്ധതി മാറ്റം വരുത്തിയാണ് 2005ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന് രൂപം കൊടുത്തത്.
ചരിത്ര ഗവേഷണ സ്ഥാപനങ്ങളിലെല്ലാം സംഘപരിവാര്‍ അനുകൂലികളെ തിരുകിക്കയറ്റുന്ന തിരക്കിലാണ് സര്‍ക്കാര്‍. ഐസിഎച്ച്ആറിന്റെ തലവനായി നിയോഗിക്കപ്പെട്ട സുദര്‍ശനറാവുവിന്റെ ഇന്ത്യാചരിത്രം സംബന്ധിച്ച വികലധാരണകള്‍ ഇതിനകംതന്നെ വിവാദമായതാണ്. ആര്‍എസ്എസിന്റെ കീഴിലുള്ള "ശിക്ഷാബച്ചാവോ ആന്ദോളന്‍ സമിതി'യുടെ നേതാവ് ദീനാഥ്ബാത്ര വേദിക് ഗണിതവും മൂല്യവിദ്യാഭ്യാസവുമെല്ലാം ഇന്ത്യന്‍ സ്കൂളുകളില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ മതനിരപേക്ഷ അടിത്തറ തകര്‍ക്കുന്നത് തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കുന്നതിന് സഹായകരമാകും എന്ന തിരിച്ചറിവില്‍ നിന്നാണ് പാഠ്യപദ്ധതി വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമം സംഘപരിവാര്‍ ശക്തികള്‍ ആരംഭിച്ചത്. പ്രധാനമന്ത്രിയുടെ അഭിസംബോധനയ്ക്ക് പ്രസക്തിയേറുന്നത് ഈ സാഹചര്യത്തിലാണ്.എല്ലാവര്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുമെന്ന് സ്വാതന്ത്ര്യാനന്തരം അധികാരത്തില്‍വന്ന സര്‍ക്കാരുകളെല്ലാം ആണയിടാറുണ്ട്. എന്നാല്‍, ആറരപതിറ്റാണ്ട് കഴിഞ്ഞിട്ടും പ്രാഥമിക വിദ്യാഭ്യാസംപോലും പൂര്‍ണമായും ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല.
2009ല്‍ കൊണ്ടുവന്ന വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കാനുള്ള അധിക സാമ്പത്തികബാധ്യത കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കാത്തതിനാല്‍ അതും ഏട്ടിലെ പശുവായി മാറി. ഇന്ത്യന്‍ വിദ്യാഭ്യാസം ഇന്ന് വലിയ പ്രതിസന്ധി നേരിടുകയാണ്. ആറുമുതല്‍ 14 വയസ്സുവരെയുള്ള മുഴുവന്‍ കുട്ടികളെയും വിദ്യാലയങ്ങളില്‍ എത്തിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരുകോടിയിലധികം കുട്ടികള്‍ വിദ്യാലയത്തിന് പുറത്താണ്. ആവശ്യമായ സ്കൂളുകളോ അധ്യാപകരോ ഇല്ല. ഭൂരിഭാഗം വിദ്യാലയങ്ങളിലും ആവശ്യമായതോതില്‍ ശുചിമുറികള്‍, കുടിവെള്ളം, ലാബ്, ലൈബ്രറി, പാചകപ്പുര എന്നിവ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ദേശീയവരുമാനത്തിന്റെ ആറുശതമാനം വിദ്യാഭ്യാസത്തിന് നീക്കിവയ്ക്കണമെന്ന മുറവിളി ഒരുസര്‍ക്കാരും അംഗീകരിച്ച് നടപ്പാക്കിയിട്ടില്ല. നരേന്ദ്രമോഡി സര്‍ക്കാരിന്റെ കന്നി ബജറ്റില്‍പ്പോലും കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ പദ്ധതികള്‍ക്കുള്ള വിഹിതം കുറയ്ക്കുകയാണ് ചെയ്തത്. വിദ്യാഭ്യാസമേഖലയില്‍ സര്‍ക്കാര്‍ ഇടപെടല്‍ കുറച്ച് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി) പദ്ധതികള്‍ നടപ്പാക്കണമെന്നുതന്നെയാണ് യുപിഎ സര്‍ക്കാരിനെപ്പോലെ മോഡി സര്‍ക്കാരും കണക്കുകൂട്ടുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. വിദേശ സര്‍വകലാശാലകളും വ്യാജ ഓട്ടോണമസ് കോളേജുകളുമെല്ലാം വിദ്യാഭ്യാസരംഗത്തെ ജനാധിപത്യമൂല്യങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കും.സാമുദായികസംഘടനകള്‍ക്കും മതസംഘടനകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്നതില്‍ മാത്രമല്ല, പാഠ്യപദ്ധതിയിലും പാഠപുസ്തകങ്ങളിലും പരീക്ഷകളിലുമെല്ലാം മുമ്പൊരിക്കലും ഇല്ലാത്ത തരത്തില്‍ ഇടപെടാന്‍ ഇന്നു കഴിയുന്നുണ്ട്.
ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അതിന് ശക്തി പ്രാപിച്ചിരിക്കുന്നു. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനകാലംമുതല്‍ നാം ഉയര്‍ത്തിപ്പിടിച്ച മതനിരപേക്ഷ വിദ്യാഭ്യാസമൂല്യങ്ങള്‍ക്ക് കനത്ത ആഘാതമായിരിക്കും ഫലത്തില്‍ സംഭവിക്കുക. നമ്മുടെ സംസ്ഥാനത്തെ വിദ്യാഭ്യാസരംഗം ആകെ അരക്ഷിതമായ അവസ്ഥയിലാണ് ഈ വര്‍ഷത്തെ അധ്യാപകദിനാചരണം നടക്കുന്നത്. രാഷ്ട്രീയപ്രേരിതമായി മാനേജര്‍ പിരിച്ചുവിട്ട മുന്നിയൂര്‍ ഹൈസ്കൂള്‍ അധ്യാപകന്‍ കെ കെ അനീഷിന് ജീവന്‍ വെടിയേണ്ടിവന്ന ഏറ്റവും ദുഃഖകരവും അതോടൊപ്പം പ്രതിഷേധാര്‍ഹവുമായ അവസ്ഥ അധ്യാപകദിനാചരണം അപ്രസക്തമാക്കുന്നു. മാനേജര്‍ക്ക് അധ്യാപകനെ പിരിച്ചുവിടാനുള്ള എല്ലാ ധൈര്യവും നല്‍കിയത് സര്‍ക്കാരും വകുപ്പുമന്ത്രിയുമാണ്. കള്ളക്കേസുണ്ടാക്കിയാണ് അധ്യാപകനെ പിരിച്ചുവിടാനുള്ള സാഹചര്യമൊരുക്കിയത്. വിദ്യാഭ്യാസമന്ത്രിയുടെ എല്ലാ പിന്തുണയും മാനേജര്‍ക്ക് ലഭിച്ചു. വിരമിക്കുന്നതിന് തൊട്ടുമുമ്പ് പിരിച്ചുവിടലിന് അനുമതി നല്‍കിയ മലപ്പുറം ഡിഡിഇയും ഇക്കാര്യത്തില്‍ കുറ്റക്കാരനാണ്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണം. സര്‍ക്കാരിന്റെ പ്രതിലോമനയങ്ങളുടെ ബലിയാടായ അനീഷിന്റെ കുടുംബത്തെ സഹായിക്കാന്‍ കഴിയണം. അതോടൊപ്പം മാനേജര്‍മാരുടെ ശിക്ഷാധികാരം എടുത്തുകളയുക എന്ന ഡിമാന്റിന് പ്രസക്തിയേറും.മുഴുവന്‍ കുട്ടികള്‍ക്കും പാഠപുസ്തകങ്ങള്‍ ഒന്നാംപരീക്ഷ കഴിഞ്ഞിട്ടും ലഭ്യമായിട്ടില്ല. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള യൂണിഫോം സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഹയര്‍സെക്കന്‍ഡറി- വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മേഖലകള്‍ പ്രശ്നസങ്കീര്‍ണമാണ്. സര്‍ക്കാരിന്റെ നയങ്ങള്‍ ഈ മേഖല അസ്ഥിരപ്പെടുത്തുമെന്ന ആശങ്കയുയര്‍ന്നു. ഒരു ശാസ്ത്രീയപഠനവും നടത്താതെ പുതിയ ഹയര്‍സെക്കന്‍ഡറി സ്കൂളുകളും ബാച്ചുകളും അനുവദിച്ചതിനുപിന്നിലെ അഴിമതിയെക്കുറിച്ച് പലരും ചൂണ്ടിക്കാണിച്ചതാണ്. പക്ഷേ, സര്‍ക്കാര്‍ അതെല്ലാം അവഗണിച്ചു. അഴിമതിയാരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലാണ് ഹൈക്കോടതിയുടെ വിധിവന്നത്. സമഗ്രമായ ഒരന്വേഷണമാണ് ഇക്കാര്യത്തിലുണ്ടാകേണ്ടത്. എല്ലാം സാമ്പത്തികലാഭത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം കാണുന്ന ഒരു ഭരണവ്യവസ്ഥയില്‍ നീതിലഭിക്കുമെന്നു പ്രതീക്ഷിക്കുക വയ്യ- അധ്യാപകര്‍ അതിന്റെ രക്തസാക്ഷികളാണ്. സ്ഥലംമാറ്റവ്യവസ്ഥകള്‍പോലും അട്ടിമറിക്കപ്പെട്ടു. മാനദണ്ഡങ്ങള്‍ മറികടന്ന് ഉദ്യോഗസ്ഥര്‍ വിവേചനാധികാരം ഉപയോഗിച്ച് നടത്തിയ സ്ഥലംമാറ്റങ്ങള്‍ അര്‍ഹതയുള്ളവര്‍ക്ക് നീതി നിഷേധിച്ചു. രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റങ്ങളും പിരിച്ചുവിടലും സര്‍ക്കാരിന്റെ തലതിരിഞ്ഞ നയങ്ങളും അവ്യവസ്ഥിതവും അശാന്തവുമാക്കിയ ഒരു മുഹൂര്‍ത്തത്തിലാണ് നാം പ്രതിഭാശാലികളും മഹാന്മാരുമായ അധ്യാപകരെ ഇത്തവണ ആദരിക്കുന്നത്. 
(കെഎസ്ടിഎ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)